Ezekiel 15

ജെറുശലേം പ്രയോജനമില്ലാത്ത ഒരു മുന്തിരിവള്ളി

1അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, കാട്ടിലെ മരങ്ങൾക്കിടയിലുള്ള ഏതെങ്കിലും ഒന്നിന്റെ ശാഖയെക്കാൾ ഒരു മുന്തിരിയുടെ തണ്ടിന് എന്തു വിശേഷതയാണുള്ളത്? 3പ്രയോജനമുള്ള എന്തെങ്കിലും നിർമിക്കാനുള്ള തടി അതിൽനിന്ന് എപ്പോഴെങ്കിലും എടുക്കാൻ കഴിയുമോ? ഏതെങ്കിലും പാത്രം തൂക്കിയിടേണ്ടതിന് അതിൽനിന്ന് ഒരാണിയെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? 4അതു വിറകായി തീയിൽ ഇടുകയും തീ അതിന്റെ രണ്ട് അഗ്രവും കത്തിക്കുകയും അതിന്റെ നടുമുറിയും വെന്തുപോകുകയും ചെയ്തിരിക്കുന്നു. ഇനി അതുകൊണ്ടു വല്ല പ്രയോജനവും ഉണ്ടാകുമോ? 5അതു മുഴുവനായിരുന്നപ്പോൾതന്നെ അതുകൊണ്ട് ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. തീ അതിനെ ദഹിപ്പിക്കുകയും അതു കരിഞ്ഞുപോകുകയും ചെയ്തശേഷം എന്തിനെങ്കിലും അത് ഉപകരിക്കുമോ?

6“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ മരങ്ങൾക്കിടയിൽ അഗ്നിക്ക് ഇന്ധനമായി മുന്തിരിവള്ളിയെ ഞാൻ ഉപയോഗിച്ചതുപോലെതന്നെ ജെറുശലേംനിവാസികളോടും ഇടപെടും. 7ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 8അവർ അവിശ്വസ്തരായിത്തീർന്നതുകൊണ്ട് ഞാൻ ദേശം ശൂന്യമാക്കിത്തീർക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”

Copyright information for MalMCV